• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂരില്‍ ഇന്ന് വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Posted On 28 September 2017   |    Total Views: 9932   |    Posted By: My Kannur

താണ ദേശീയപാതക്കടുത്ത് കക്കാട് റോഡില്‍ ലോറിയില്‍ കയറ്റിയ ഗ്യാസ് സിലിണ്ടറില്‍ ചോര്‍ച്ച കാണപ്പെട്ടു. ലോറിയില്‍ കയറ്റിയ നൂറ് സിലിണ്ടറുകളിലൊന്നിനാണ് ചോര്‍ച്ച കാണപ്പെട്ടത്. ലോറി നിര്‍ത്തിയിട്ട ഭാഗത്തു നിന്ന് ഗ്യാസിന്റെ മണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിസരവാസി ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പരിസര വാസിയുടെ ഈ ഇടപെടലിലൂടെ വലിയ ഒരു ദുരന്തമാണ് ഒഴിവായത്.

കെ എല്‍ 10 ടി 322 നമ്പര്‍ ലോറിയില്‍ കയറ്റിയ ഗ്ലാസിലൊന്നിനാണ് ചോര്‍ച്ച ഉണ്ടായത്. ലോറിയുടെ ഡ്രൈവറും ക്ലീനറും സ്ഥലത്ത് ഇല്ലാത്തതിനാല്‍ ലോറി ഗ്യാരജ് പൂട്ട് കട്ടര്‍ ഉപയോഗിച്ച് പൊളിച്ചാണ് ഗ്യാസ് കുറ്റികള്‍ പുറത്തെടുത്തത്. ഗ്യാസ് കുറ്റിയുടെ അടിഭാഗത്ത് വിള്ളല്‍ വീണതാണ് ചോര്‍ച്ചക്ക് കാരണം. വെള്ളം ചീറ്റിയാണ് അതിനകത്തെ ഗ്യാസ് പുറത്തുവിട്ടത്.

ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ പി വി പ്രകാശ് കുമാര്‍, ലീഡിംഗ് ഫയര്‍മാന്‍ ഭക്തവത്സലന്‍, ഫയര്‍മാന്മാരായ സുരേഷ്, സന്തോഷ് കുമാര്‍, സന്ദീപ്, സുനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അണിനിരന്നു. കൂടെ ടൗണ്‍ പോലീസും. ഏതാനും വര്‍ഷം മുമ്പ് ചാലയില്‍ നടന്ന ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറി ദുരന്തത്തില്‍ നിന്ന് കണ്ണൂര്‍ ജനതക്കുള്ള ഭയം വിട്ടുമാറിയിട്ടില്ല. മതിയായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കാതെയാണ് ദേശീയപാതയില്‍ തലങ്ങും വിലങ്ങും ഗ്യാസ് ലോറികള്‍ ഓടുന്നതെന്നതിന്റെ ദൃഷ്ടാന്തമാണ് ഇന്ന് പുലര്‍ച്ചെ കണ്ണൂരില്‍ കണ്ടത്.