• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂരുകാരുടെ ദ ലീഡര്‍ ശ്രദ്ധേയമാകുന്നു

Posted On 04 August 2017   |    Total Views: 2379   |    Posted By: My Kannur

കണ്ണൂരിലെ ഒരു കൂട്ടം കലാകാരന്മാര്‍ നിര്‍മ്മിച്ച ദി ലീഡന്‍ എന്ന ഹ്രസ്വചിത്രം ജനശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങു വാഴുന്ന നമ്മുടെ നാട്ടിലെ സമകാലീന സംഭവങ്ങൾ  തന്നെയാണ് ചിത്രത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വരച്ചു കാട്ടുന്നത്. ലോകാ സമസ്ത സുഖിനോ ഭവന്തു എന്നാഗ്രഹിക്കുന്ന ഭാരതമണ്ണിൽ  മതത്തിന്റെയും ജാതിയുടെയും പ്രസ്ഥാനങ്ങളുടെയും പേരിൽ വാളെടുക്കുന്നവർക്കെതിരെ ഒരു രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയായ  കുട്ടിയുടെ പ്രസംഗത്തിലൂടെ ശക്തമായി പ്രതികരിക്കുന്നത് ഈ ഹ്രസ്വചിത്രത്തിൽ കാണാം. തങ്ങളുടെ വളര്‍ച്ചയ്ക്ക് കൂച്ചുവിലങ്ങിടുന്നവരെ വെട്ടിമാറ്റി അധികാരം സ്ഥാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നയങ്ങള്‍ തന്നെയാണ് ദി ലീഡറിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്. നാടിനെ സേവിക്കുന്നവരേയല്ല മറിച്ച് നാട്ടുകാരുടെ വോട്ടോടുകൂടി അധികാര കസേരയിലെത്തി തങ്ങളുടെ കീശവീര്‍പ്പിക്കുന്ന അധികാര മോഹികളുടെ കഥകൂടിയാണ് ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്.

ജീവിതത്തിന്റെ വര്‍ണ്ണ കൂട്ടുകളെ കൊലപാതക രാഷ്ട്രീയത്തിലൂടെ  ഇല്ലാതാക്കുകയും, ശേഷം ഭയവും, വെപ്രാളവും നിറഞ്ഞ ജീവിതം അവര്‍ക്കു നല്‍കുകയും ചെയ്യുന്ന ഓരോ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമുള്ള ചോദ്യമാണ് ദി ലീഡര്‍ എന്ന ഹ്രസ്വ ചിത്രം. അച്ഛനെ കൊന്നവന്‍, തന്റെ രണ്ട് കൈയ്യും വെട്ടി മാറ്റിയവന്‍, കുടുംബം നശിപ്പിച്ചവന്‍ തുടങ്ങിയ പദവികള്‍ തോളിലിട്ട് ഒരു നേതാവിന്റെ മുഖംമൂടി അണിഞ്ഞു നടക്കുന്നവനില്‍ നിന്നും തന്റെ മിടുക്ക് കൊണ്ട് നേടിയെടുത്ത സമ്മാനം ഏറ്റുവാങ്ങുന്നതും പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. 14 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് പ്രദോഷ് പുത്തന്‍പുരയിലാണ്. റിയാസ് .ഇ.പി യും അനീഷ് പുത്തലത്തുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊളച്ചേരി ഫിലിംസിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രം ഭരണ പരിഷ്‌കാര കമ്മിറ്റി ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദനാണ് പ്രകാശനം ചെയ്തത്.

ഗിന്നസ്സ് വേള്‍ഡ് റെക്കോര്‍ഡര്‍മ്മാരായ പ്രിജേഷ് കണ്ണന്‍, അനില്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് പുറമെ ബാല താരങ്ങളായ മെഹ്സിന്‍, അനന്തു, ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവര്‍ത്തക പ്രമീള, നിഷാന്ത് കാവിനിശ്ശേരി, രാകേഷ് ചെറുകുന്ന് ,രൂപേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ഇതിനു പുറമെ നൂറിലധികം കോളച്ചേരി പ്രദേശവാസികളും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തിയിട്ടുണ്ട്.