• Arooha Tours and Travels Kannur
  • Cheapest Tour packages in Kannur
  • Best tour packages in Kannur

കണ്ണൂര്‍ വിമാനത്താവളം വൈകും

Posted On 28 June 2017   |    Total Views: 6624   |    Posted By: My Kannur

കണ്ണൂരുകാരെ നിരാശരാക്കി കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവൃത്തി മന്ദഗതിയിലില്‍ പുരോഗമിക്കുന്നു.ശക്തമായ മഴയാണ് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അതുക്കൊണ്ടുതന്നെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വിമാനസര്‍വീസ് ഈ വര്‍ഷമുണ്ടാവില്ല. നേരത്തെ സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കിയാലും സര്‍ക്കാറും വ്യക്തമാക്കിയെങ്കിലും ഈ വര്‍ഷം വിമാന സര്‍വ്വീസ് ഉണ്ടാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്. നിര്‍മ്മാണം വൈകുന്നതു കാരണം വിമാനത്താവളത്തിന്റെ ലൈസന്‍സും നീളും. പണി മുഴുവന്‍ പൂര്‍ത്തിയാക്കിയാലേ എയറോഡ്രോം ലൈസന്‍സിങ് അതോറിറ്റി പരിശോധനയ്ക്കുപോലും സ്ഥലത്തെത്തുകയുള്ളൂ.

റണ്‍വേ സുരക്ഷിതമേഖലയില്‍ പണി നടത്തണമെങ്കില്‍ മഴ പൂര്‍ണമായി മാറിനില്‍ക്കണം. അതേസമയം കെട്ടിടങ്ങളുടെ നിര്‍മാണത്തിന് തടസ്സമില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളോടെയേ ഇവിടെ പണിനടക്കൂവെന്നാണ് എന്‍ജിനീയറിങ് വിഭാഗം പറയുന്നത്. സാങ്കേതികവിഭാഗം പണി പൂര്‍ത്തിയാക്കണമെങ്കില്‍ വൈദ്യുതി കണക്ഷന്‍ കിട്ടണം. ഇതിനുള്ള അപേക്ഷ നല്‍കിയിട്ടേയുള്ളൂ.സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന പൂര്‍ത്തിയാക്കി അനുമതിപത്രം ലഭിച്ചാലേ വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. ഓഗസ്റ്റോടെ മാത്രമേ ഈ പരിശോധന നടക്കൂവെന്നാണ് ഇപ്പോഴത്തെ വിവരം.

അതേസമയം കമ്യൂണിക്കേഷന്‍, സിഗ്‌നല്‍ പരിശോധനയ്ക്കായി കാലിബറേഷന്‍ ഫ്‌ളൈറ്റും വിമാനത്താവളത്തിലിറങ്ങണം.എയര്‍പോര്‍ട്ട് അതോറിറ്റിയാണ് കാലിബറേഷന്‍ ഫ്‌ളൈറ്റ് എപ്പോഴിറങ്ങണമെന്നകാര്യം തീരുമാനിക്കുന്നത്. അടുത്തവര്‍ഷം ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍മാത്രമേ കാലിബറേഷന്‍ ഫ്‌ളൈറ്റ് കണ്ണൂരിലിറങ്ങാനാകൂവെന്നതാണ് അതോറിറ്റിയുടെ കണക്കുകൂട്ടല്‍. അതുകഴിഞ്ഞാല്‍ മാത്രമാണ് ലൈസന്‍സ് ലഭിക്കുക.