• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

പി ബാലകിരണിന്റെ സേവനം കണ്ണൂര്‍ വിമാനത്താവള പദ്ധതിക്ക് ഊര്‍ജം പകരും

Posted On 15 June 2017   |    Total Views: 1208   |    Posted By: My Kannur

കണ്ണൂരിന്റെ ജനകീയ കലക്ടറായിരുന്ന ബാലകിരണ്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (കിയാല്‍) എംഡിയായി ഉടന്‍ നിയമിതനാകും. എംഡി സ്ഥാനത്തു നിന്നും വി തുളസീദാസ് രാജിവെച്ച സാഹചര്യത്തിലാണ് പുതിയ എംഡിയായി ബാലകിരണ്‍ എത്തുന്നത്. കലക്ടറായിരുന്ന സമയത്തുതന്നെ വിമാനത്താവളം ഉള്‍പ്പടെയുള്ള സ്വപ്നപദ്ധതികള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്ന ബാലകിരണ്‍ കിയാലിന്റെ എംഡിയായി എത്തുന്നത് വിമാനത്താവള പദ്ധതിയുടെ തുടര്‍പ്രവൃത്തികള്‍ക്ക് ഏറെ ഗുണകരമാവും. നിലവില്‍ ടൂറിസം വകുപ്പ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു വരികയാണ് ബാലകിരണ്‍.

2016 ഫെബ്രുവരി 25ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങിയപ്പോള്‍ ബാലകിരണായിരുന്നു ജില്ലാ കലക്ടര്‍. 2014 ഫെബ്രുവരി 14നാണ് അദ്ദേഹം കണ്ണൂരില്‍ ചുമതലയേറ്റത്. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ 10 കലക്ടര്‍മാരെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ബാലകിരണ്‍ 2016 ആഗസ്തില്‍ കണ്ണൂരില്‍നിന്ന് പടിയിറങ്ങിയത്. വിവരസാങ്കേതിക വിദ്യയെ വികസനവുമായി കൂട്ടിയിണക്കിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളും ജനകീയതയും അദ്ദേഹത്തെ വ്യത്യസ്തനാക്കി. താഴെത്തട്ടിലുള്ളവരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ട ബാലകിരണ്‍, സംസ്ഥാനത്തെ മികച്ച കലക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാനും തിരഞ്ഞെടുപ്പ് മാതൃകാപരമാക്കാനും നടത്തിയ ഇടപെടലിനുള്ള അംഗീകാരമായിരുന്നു ഇത്.

ടൂറിസം മേഖലയുടെ വികസനത്തിനും പൊതുകുളങ്ങളുടെ സംരക്ഷണത്തിനും ഏറെ വിയര്‍പ്പൊഴുക്കി. ഭൂനികുതി സമാഹരണത്തില്‍ കണ്ണൂരിനെ ഒന്നാംസ്ഥാനത്ത് എത്തിച്ചു. ജില്ലയെ ഭിന്നശേഷി സൗഹൃദമാക്കാനുള്ള പദ്ധതികള്‍ ദേശീയ ശ്രദ്ധനേടി. 15 പട്ടികവര്‍ഗ കോളനികളെ മാതൃകാ കോളനികളാക്കാനുള്ള പ്രവര്‍ത്തനങ്ങളും നയിച്ചു. കണ്ണൂര്‍ കലക്ടറേറ്റില്‍ ഇ-ഓഫിസ് സംവിധാനം, ദേശീയ ഗെയിംസ്, ബസ് നമ്പറിങ്, ഇ-മണല്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഹരിത തിരഞ്ഞെടുപ്പ് തുടങ്ങി ബാലകിരണിന്റെ കണ്ണൂരിലെ പ്രവര്‍ത്തന മികവിന്റെ അടയാളങ്ങള്‍ ഏറെയാണ്.

അതേസമയം വര്‍ഷാവസാനം ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവള നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. റണ്‍വേയുടെ നിര്‍മാണം ഒരുവര്‍ഷം മുമ്പ് പൂര്‍ത്തിയായിരുന്നു. കണ്ണൂര്‍ വിമാനത്താവളം ലോക വ്യോമയാന ഭൂപടത്തിലെത്താനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. എയര്‍ട്രാഫിക് നിയന്ത്രണത്തിനുള്ള നാവിഗേഷന്‍ സംവിധാനം സ്ഥാപിക്കുന്ന ജോലികള്‍ ത്വരിതഗതിയിലാണ്. ഡിവിഒആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ദിശനിയന്ത്രണ സംവിധാനമാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. ഇതു പൂര്‍ത്തിയായാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ സ്ഥാനം വ്യോമയാന ഭൂപടത്തിലുണ്ടാവും. അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം ഡല്‍ഹിയില്‍ വ്യോമയാന സെക്രട്ടറിയുടെ അധ്യക്ഷതയില്‍ വിമാന കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ലക്ഷദ്വീപിലേക്ക് കൂടി സര്‍വീസ് നടത്തുന്ന തരത്തില്‍ വിമാനത്താവളത്തെ മാറ്റിയെടുക്കാനാണ് തീരുമാനം.