കണ്ണൂരില്‍ നിന്ന് പറക്കാം സെപ്റ്റംബറോടെ...

Posted On 09 February 2017   |    Total Views: 61757   |    Posted By: My Kannur

രാജ്യത്തെ രണ്ടാമത്ത ഗ്രീന്‍ എയര്‍പോര്‍ട്ടാകാനുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാത്തിരിപ്പിന് 2017 സെപ്റ്റംബറില്‍ തിരശ്ശീല വീഴും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജമാകാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളതെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. സെപ്റ്റംബറില്‍ യാത്രാ വിമാനങ്ങള്‍ക്കായി എയര്‍പോര്‍ട്ട് തുറന്നുകൊടുക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂര്‍ മാറും.

റണ്‍വേയുടെയും വിമാന ഗതാഗതത്തിന്റെയും, ടെര്‍മിനലിന്റെയും പണി ഇനി 10% മാത്രമേ പൂര്‍ത്തിയാകാനുള്ളൂ. ഉയര്‍ന്ന നിലവാരവും വികസനസാധ്യതയും കണക്കിലെടുത്തുള്ള നിര്‍മാണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നടന്നുക്കൊണ്ടിരിക്കുന്നത്. ഒരേസമയം 2000 യാത്രക്കാരെ നിയന്ത്രിക്കാനുള്ള ക്രമീകരണമാണ് കണ്ണൂരിലൊരുങ്ങുന്നത്. ഒരേ ടെര്‍മിനലില്‍ ഇറങ്ങുന്ന ആഭ്യന്തരരാജ്യാന്തര യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിനായി വിവിധ കവാടങ്ങളുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കവാടങ്ങളുടെ എണ്ണം ക്രമീകരിക്കുന്നതായിരിക്കും.

നിര്‍മ്മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് മൂന്ന് മാസം പരീക്ഷണ ദിനങ്ങളായിരിക്കും കണ്ണൂര്‍ സാക്ഷ്യം വഹിക്കുക. വിമാനങ്ങള്‍ ഇറങ്ങുന്നതും പറക്കുന്നതും, യാത്രക്കാര്‍ ഇറങ്ങുന്നതും പോകുന്നതുമെല്ലാം പരീക്ഷിക്കണം. ഇതിനായി വിമാനങ്ങളും നൂറ് കണക്കിന് ആളുകളെയും വേണം. അതുക്കൊണ്ടുതന്നെ പരീക്ഷണ ദിവസങ്ങള്‍ക്കുവേണ്ടി വിമാനങ്ങളേയും ആളുകളെയും വാടകയ്‌ക്കെടുക്കാനുള്ള തയാറെടുപ്പിലാണ് ബന്ധപ്പെട്ടവര്‍.

3050 മീറ്റര്‍ റണ്‍വേയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 80 ഹെക്ടര്‍ സ്ഥലം കൂടി ഏറ്റെടുത്ത് 4000 മീറ്റര്‍ റണ്‍വേയായി ഉയര്‍ത്താനുള്ള നീക്കങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഇങ്ങനെവന്നാല്‍ രാജ്യാന്തര വിമാനത്താവളങ്ങളില്‍ റണ്‍വേയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമതും അടിസ്ഥാനസൗകര്യത്തില്‍ ഒന്നാമതുമായിരിക്കും കണ്ണൂര്‍ വിമാനത്താവളം. നിലവില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ,ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍മാത്രമാണ് 4000 മീറ്റര്‍ റണ്‍വേയുള്ളത്.